പുനലൂർ: കുടുംബ പ്രശ്നങ്ങളെത്തുടർന്നു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചയാൾ തീ കൊളുത്തി ജീവനൊടുക്കി. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലായിരുന്നു മരണം. പിറവന്തൂർ കുരിയോട്ടുമല ആദിവാസി ഉന്നതിയിലെ സുരേഷ് (36) ആണ് ആത്മഹത്യ ചെയ്തത്.
ഇന്നലെ രാവിലെ 10.30 ഓടെ പുനലൂർ സ്റ്റേഷനു മുന്നിലായിരുന്നു യുവാവ് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചിരുന്നു. മൂന്നു ദിവസം മുമ്പ് ഉണ്ടായ കുടുംബ പ്രശ്നത്തെ തുടർന്ന് ഭാര്യ ചെല്ലമ്മ (24)നൽകിയ പരാതിയിലാണ് പോലീസ് ഇരുവരെയും ഇന്നലെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
ഇയാൾ സ്റ്റേഷനിൽ എത്തുമ്പോൾ ഭാര്യ ഇവിടെയുണ്ടായിരുന്നു. ഈ സമയം സ്റ്റേഷനിലേക്കുള്ള വഴിയിൽ വച്ച് ഇയാൾ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയശേഷം സ്റ്റേഷനിലേക്ക് ഓടിക്കയറി.
തീ ആളിപ്പടരുന്നതു കണ്ട് ആളുകൾ ബഹളം ഉണ്ടാക്കിയതോടെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ വെള്ളം ഒഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. ഇതിനകം കുഴഞ്ഞുവീണ സുരേഷിനെ പോലീസുകാർ ഉടൻതന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളൽ ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭാര്യയെയും മക്കളെയും നിരന്തരം ഉപദ്രവിക്കുന്ന ഇയാൾക്കെതിരേ മുമ്പും ഭാര്യയുടെ പരാതി ഉണ്ടിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.